Wednesday, April 13, 2011

ഞങ്ങള്‍ക്കും കൊതിയുണ്ട്, ജീവിക്കാന്‍..!!


വിഡ്ഢികള്‍ക്ക് ഒരു ദിനം ആവാമെങ്കില്‍ ഞങ്ങള്‍ക്കും ഒരു ദിനം ആയിക്കൂടെ?? – കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരുപാട് പീഡനങ്ങളും അവഹേളനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന ഒരു ഹിജ്‌റയുടേതാണ് ഈ ചോദ്യം. കമിതാകള്‍ക്കും, എയിഡ്സ് ബാധിതര്‍ക്കും, വികലാംഗര്‍ക്കും എല്ലാം ഒരു ദിനമുണ്ട് നമ്മുടെ നാട്ടില്‍, എന്നാല്‍ ഇവര്‍ക്ക് വിധിക്കപെട്ടത്തു മറ്റൊന്നാണ്. ഓര്‍മ വച്ച നാള്‍ മുതല്‍ ഒരു പുരുഷ ശരീരത്തില്‍ തടവിലാക്കപെട്ട സ്ത്രീ ഹൃദയത്തിന്റെ വീര്‍പ്പു മുട്ടലുകള്‍ക്ക് പുറമെയാണ് നാടിന്റെയും വീടിന്റെയും പരിഹാസങ്ങള്‍. ആണിനെയും പെണ്ണിനെയും സൃഷ്‌ടിച്ച പോലെ ദൈവം ഇവരെയും സൃഷ്ടിച്ചപ്പോള്‍ ഇവരെ അംഗീകരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ഒരുപക്ഷെ അദ്ദേഹം മറന്നതാവാം. അതിനാല്‍ ചിലര്‍ക്ക് കുടുംബം നഷ്ടമായി, തങ്ങളുടെ കുറ്റമല്ല എന്നറിഞ്ഞിട്ടും പലരെയും രക്ഷിതാക്കള്‍ പോലും ഉപേക്ഷിച്ചു, ചിലര്‍ പന്ത്രണ്ടാം വയസ്സ് മുതല്‍ ബോംബയിലെയും, മറ്റു മഹാനഗരങ്ങളിലേയും തെരുവുകളില്‍ ഭിക്ഷാടകരായി. ചിലര്‍ വേശ്യകളുടെ വേഷം ധരിച്ച് നിത്യവൃത്തിക്കുള്ള മാര്‍ഗം കണ്ടെത്തി. നഷ്ടമാവാന്‍ ഒന്നുമില്ലാത്തതിനാല്‍ മാനാഭിമാനങ്ങളെപറ്റി അവര്‍ വ്യാകുലരായിരുനില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം.

തങ്ങളെ കണ്ടാല്‍ വായ്‌ പൊത്തി ചിരിക്കുന്നവര്‍, കേട്ടാല്‍ അറക്കുന്ന കമന്റുകള്‍ അടിക്കുന്നവര്‍, തരം കിട്ടിയാല്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ പോകുന്നു ഹിജ്ര സമൂഹത്തില്‍ പെട്ടവര്‍ക്ക് പൊതു സമൂഹത്തോടുള്ള കാഴ്ചപാടുകള്‍. ഇതൊന്നും അവരെ സംബന്ധിച്ചടുത്തോളം കേട്ടുകേള്‍വികള്‍ അല്ല, മറിച്ച് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടായവയാണ്. സമ്പൂര്‍ണ്ണ സാക്ഷരത, തികഞ്ഞ സംസ്കാര സമ്പന്നര്‍ എന്നെല്ലാം നാം സ്വയം അവകാശ പെടുന്നുവെങ്കിലും, ജീവശാസ്ത്രപരമായ വികാസങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തരായി തീര്‍ന്ന ഹിജരകളെ അംഗീകരിക്കാന്‍ നാം കൂട്ടാകുന്നില്ല.

നമ്മളുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്‌. അവിടെ ഈ സമൂഹത്തില്‍ പെട്ടവര്‍ക്കായി വര്‍ഷം തോറും മദ്രാസിന് അടുത്തുള്ള വില്ലുപുരം ജില്ലയില്‍ നടത്തുന്ന സൗന്ദര്യ മത്സരത്തിലും, ആഘോഷങ്ങളിലും പങ്ക് കൊള്ളാന്‍ ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്താകമാനം ഉള്ള ഹിജറകള്‍ എത്തി ചേരുന്നു. തങ്ങള്‍ അനുഭവിക്കുന്ന ഒട്ടപെടലുകള്‍ക്കും യാതനകള്‍ക്കും ഒരു ആശ്വാസമാണ് അവിടെ നടക്കുന്ന ഒത്തുകൂടല്‍ എന്നു അവര്‍ പറയന്നു. ഇന്ത്യയിലെ ആദ്യത്തെ ഹിജ്ര ടി.വി അവതാരികയും, ആദ്യമായി ഹിജ്ര സമൂഹത്തില്‍ നിന്നും തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കുന്നതും, ലോകത്തെ തന്നെ ആദ്യത്തെ ട്രാന്‍സ്‌-ജെന്ടെര്‍ വെല്‍ഫയര്‍ ബോര്‍ഡ്‌ രൂപം കൊണ്ടതും, ഇപ്പോ ആദ്യമായി ഏപ്രില്‍ 15 ഹിജരകളുടെ ദിനമായി ആചരിച്ച് അവരെ പൊതുജനമായി അംഗീകരിക്കാനുമുള്ള തമിഴ്നാട് സര്‍കാരിന്റെ ദൌത്യം എറേ പ്രശംസിനീയവും മാത്രികാപരവുമാണ്.

അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യയിലെ ഹിജ്ര സമൂഹത്തിന്റെ യാതനകള്‍ മനസിലാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ എങ്കിലും തയ്യാറായതോടെ സമൂഹത്തെ ഭയന്ന്‍ പകല്‍ പുരുഷ വേഷം ധരിച്ചു സ്ത്രീ ഹൃദയവും പേറി നടന്നവര്‍ തമിഴ്നാട്ടിലേക്കു പലായനം ചെയ്തു തുടങ്ങിയിരിക്കുന്നു. സമൂഹത്തെ ഭയക്കാതെ, സ്വന്തം വ്യക്തിത്വം മറച്ചു വയ്ക്കാതെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്... പിന്നീട് എപ്പോഴെങ്കിലും ലോകം തങ്ങളെയും അംഗീകരിക്കും എന്ന പ്രതീക്ഷോടെ...

2 comments:

  1. Good selection of Subject... can do another on their Festival... Its a great event...

    ReplyDelete
  2. I particularly salute this one.,.,. done a great job..

    ReplyDelete